Sunday 20 March 2022

3.അശാന്തമീ യാത്ര

എൻ മിഴിത്തുമ്പിലൂടെന്നെകടന്നുപോം
ദീന മുഖങ്ങളിലോരോന്നിലും
എന്നെ തിരിച്ചറിയുന്നു  ഞാൻ
എന്നതാണെന്നുമെൻ ഉള്ളിലെ നോവ്

എന്നുമീയോരത്ത്  കാണുന്ന കാഴ്ചകൾ
നെഞ്ചിൽ കനലായി  നീറ്റിപ്പുകച്ചും
കണ്ണീരിന്നുപ്പുകാറ്റലയുന്ന വീഥിയിൽ
നാവും മനസ്സും വരണ്ടു പിടഞ്ഞും
ഭ്രാന്തുകൾ  താണ്ഡവമാടുന്ന  തെരുവിലെൻ
പാദങ്ങൾ  പതറിയോടുന്നു

നാൾക്കുനാൾ ഏറുമീ  അന്ധകാരത്തിൽ
ദീനാരാവങ്ങൾ ഉയർന്നു മുറുകവേ
സാന്ത്വന ത്തിരിവെട്ടമൊന്നു തെളിച്ച്
അവരിൽ ഒരാളായ് നടക്കാൻ കൊതിച്ച്
ഉള്ളം കുതിച്ചുയരുമ്പോളറിഞ്ഞു  ഞാൻ
ബന്ധിത മാണെൻ  കരങ്ങളെന്ന്

കാണാവിലങ്ങിന്റെ ബന്ധനത്തിൽനൊന്ത ചിന്തകൾ ചുവരുകൾക്കുള്ളിൽ കിതയ്‌ക്കേ
ആജ്ഞാ സ്വരങ്ങൾ തൻ അധികാര വിരലുകൾ
ചൂണ്ടി നയിക്കുമിടുക്ക് വഴികളിൽ പരിധിച്ചുവരിലൻ പാദങ്ങളുരയവേ
ചർമ്മം  വകഞ്ഞു  കിനിയുന്ന ചോരയിൽ
ആകായ്മ വിതറുന്ന ധൂപവും  ചാലിച്ച്
നോവു പുകച്ച് ചുമയ്ക്കുന്നു ഹൃദയം

എങ്കിലുമിന്നും നിലയ്ക്കാത്ത  നെഞ്ചിലെ
തുടിയുമായ്  തുടരുന്നശാന്തമീ  യാത്ര
കൂടെ ചലിക്കുന്ന പാദങ്ങൾ തൻ
നോവുമേറ്റി ഞാനിന്നും  തുടരുന്നു യാത്ര 

No comments:

Post a Comment