Monday 21 March 2022

5. പെണ്ണഴൽ

                      പെണ്ണഴൽ

മനമുലയും  നിനവുകൾ തൻ
നിശ്വാസ ക്കാറ്റലയിൽ
കണ്ണീരിൻ  നനവ് പകർന്നത്
പെൺ മിഴിയല്ലേ
നിശമറയുടെ കുടിലുകളിൽ
ഭീഷണി ഫണമാട്ടുമ്പോൾ
തേങ്ങലുകൾ വിങ്ങിയുതിർത്തത്
പെൺ ഗളമല്ലേ
ഇടറും പൊയ്ക്കാലുകളിൽ
ഹൃദയം പതറുന്നേരം
മരണത്തെ സ്നേഹിച്ചെന്നത്
പെൺ പിഴവാമോ

ജീവന്റെ തുലാസുകളിൽ
സ്നേഹത്തിനുതൂക്കമൊരുക്കാൻ
പണമുണ്ടോ പദവിയുണ്ടോ
പാദസേവയ്ക്കാളുണ്ടോ

ഉടയോർ തൻ അറകളിലും
ഉറ്റവർ തൻ മിഴികളിലും
കനിവിൻ തിരിവെട്ടം തേടും
പെണ്ണഴൽ അറിയുവതാരോ?

Sunday 20 March 2022

3.അശാന്തമീ യാത്ര

എൻ മിഴിത്തുമ്പിലൂടെന്നെകടന്നുപോം
ദീന മുഖങ്ങളിലോരോന്നിലും
എന്നെ തിരിച്ചറിയുന്നു  ഞാൻ
എന്നതാണെന്നുമെൻ ഉള്ളിലെ നോവ്

എന്നുമീയോരത്ത്  കാണുന്ന കാഴ്ചകൾ
നെഞ്ചിൽ കനലായി  നീറ്റിപ്പുകച്ചും
കണ്ണീരിന്നുപ്പുകാറ്റലയുന്ന വീഥിയിൽ
നാവും മനസ്സും വരണ്ടു പിടഞ്ഞും
ഭ്രാന്തുകൾ  താണ്ഡവമാടുന്ന  തെരുവിലെൻ
പാദങ്ങൾ  പതറിയോടുന്നു

നാൾക്കുനാൾ ഏറുമീ  അന്ധകാരത്തിൽ
ദീനാരാവങ്ങൾ ഉയർന്നു മുറുകവേ
സാന്ത്വന ത്തിരിവെട്ടമൊന്നു തെളിച്ച്
അവരിൽ ഒരാളായ് നടക്കാൻ കൊതിച്ച്
ഉള്ളം കുതിച്ചുയരുമ്പോളറിഞ്ഞു  ഞാൻ
ബന്ധിത മാണെൻ  കരങ്ങളെന്ന്

കാണാവിലങ്ങിന്റെ ബന്ധനത്തിൽനൊന്ത ചിന്തകൾ ചുവരുകൾക്കുള്ളിൽ കിതയ്‌ക്കേ
ആജ്ഞാ സ്വരങ്ങൾ തൻ അധികാര വിരലുകൾ
ചൂണ്ടി നയിക്കുമിടുക്ക് വഴികളിൽ പരിധിച്ചുവരിലൻ പാദങ്ങളുരയവേ
ചർമ്മം  വകഞ്ഞു  കിനിയുന്ന ചോരയിൽ
ആകായ്മ വിതറുന്ന ധൂപവും  ചാലിച്ച്
നോവു പുകച്ച് ചുമയ്ക്കുന്നു ഹൃദയം

എങ്കിലുമിന്നും നിലയ്ക്കാത്ത  നെഞ്ചിലെ
തുടിയുമായ്  തുടരുന്നശാന്തമീ  യാത്ര
കൂടെ ചലിക്കുന്ന പാദങ്ങൾ തൻ
നോവുമേറ്റി ഞാനിന്നും  തുടരുന്നു യാത്ര 

Saturday 19 March 2022

2.കാഞ്ചനക്കൂട്ടിൽ

                       കാഞ്ചനക്കൂട്ടിൽ

പാടാൻ കൊതിക്കിലും പാവമീ പൂങ്കുയിൽ
പാട്ടുകളെല്ലാം മറന്നുപോയി
ഗദ്ഗദം  തിങ്ങുമീ കണ്ഠനാളത്തിലെൻ
ഗാനങ്ങളെല്ലാം ഉറഞ്ഞുപോയി
മീട്ടാൻ കൊതിക്കിലും എന്നാത്മ വീണതൻ
തന്ത്രിയുമെന്നോ മുറിഞ്ഞുപോയി
ആടാൻ കൊതിക്കിലും എൻ പാദയുഗ്മവും
ഏതോ വിലങ്ങു ബന്ധിച്ചു പോയി
വീശി പ്പറക്കാൻ  കൊതിക്കിലുമെൻ
മോഹപക്ഷങ്ങളാരോ മുറിച്ചു വീഴ്ത്തി
ചിന്തകൾ നീല വിഹായസ്സിലേക്കുറ്റു -
നോക്കി വിവശരായ് നിന്നുപോയി
നെഞ്ചകം നീറിപ്പിടഞ്ഞു വീഴുന്നിതാ
മറ്റൊരു പൈങ്കിളി കൂട്ടിനുള്ളിൽ
കൊഞ്ചിക്കരയാതെ  ചിറകിട്ടടിക്കാതെ
മൗനം പിടയുന്നിതാ പൈങ്കിളി
മിഴികൾ നനഞ്ഞില്ല, തേങ്ങിയുമില്ലാ
മൗനം പുതയ്ക്കുന്നു പാവം കിളി 

നിലാപ്പക്ഷി...1. തേടുന്നു ഞാൻ

                 തേടുന്നു ഞാൻ

സ്വാർത്ഥ ഭൂതങ്ങൾ പെരുകുമീ
ജീവിത വനാന്തരത്തിൽ
മിഴികുത്തിമുറിക്കും സാന്ദ്ര -
മന്ധകാരത്തിൽ
ഒരുതുടം നിലാവിനായമ്പിളി -
ച്ചില്ല്തേടുന്നു ഞാൻ 

വഴിമറന്നോരെൻ ചിന്തകൾക്ക് 
നേർവഴി കാട്ടിയും
വിയർക്കും ക്ഷോഭ താപങ്ങൾക്ക്
ചാമരമേകിയും
അപമാനിതമെൻ വികാരങ്ങളെ
മാറോടാണച്ചും
തുണപോരുവാനൊരു 
തെന്നൽ തേടുന്നു ഞാൻ

കിനാവിൻ  മഴക്കാടുകളിൽ
ഉയിരിടുമെൻ
മോഹ ശലഭങ്ങൾക്ക്  പാറുവാൻ
മധുനിറയും
വർണ്ണ സുഗന്ധിയാമൊരു പുതു
വനിക തേടുന്നു ഞാൻ

മീനസൂര്യൻ  ജ്വലിക്കുമീ
മണൽക്കാട്  താണ്ടണം
സന്ധ്യയിൽ കസവണിയും
കടലോരമെത്തണം
അതുവരെയും വാടാതെൻ
മലർ മാനസം പോറ്റുവാൻ
സ്നേഹ ശീതളമാമൊരു
തണൽക്കുട തേടുന്നു ഞാൻ

ഈയനന്താകാശ വീഥിയിലെങ്ങാനുമുണ്ടോ
എന്നാത്മ ദാഹമറിയുമൊരു
മുകിൽ മാനസം?

നിലാപ്പക്ഷി...25 ശോക കവിതകൾ

നേർക്കാഴ്ച യിലെ ഒരു കവിത

publishers

നേർക്കുകഴ്ച

നീ പാടുക

നിലാപ്പക്ഷി

Dear friends, Read my booksRIPPLES OF LOVE, നിലാപ്പക്ഷി, നീ പാടുക, നേർക്കാഴ്ചകൾ