Saturday, 19 March 2022

2.കാഞ്ചനക്കൂട്ടിൽ

                       കാഞ്ചനക്കൂട്ടിൽ

പാടാൻ കൊതിക്കിലും പാവമീ പൂങ്കുയിൽ
പാട്ടുകളെല്ലാം മറന്നുപോയി
ഗദ്ഗദം  തിങ്ങുമീ കണ്ഠനാളത്തിലെൻ
ഗാനങ്ങളെല്ലാം ഉറഞ്ഞുപോയി
മീട്ടാൻ കൊതിക്കിലും എന്നാത്മ വീണതൻ
തന്ത്രിയുമെന്നോ മുറിഞ്ഞുപോയി
ആടാൻ കൊതിക്കിലും എൻ പാദയുഗ്മവും
ഏതോ വിലങ്ങു ബന്ധിച്ചു പോയി
വീശി പ്പറക്കാൻ  കൊതിക്കിലുമെൻ
മോഹപക്ഷങ്ങളാരോ മുറിച്ചു വീഴ്ത്തി
ചിന്തകൾ നീല വിഹായസ്സിലേക്കുറ്റു -
നോക്കി വിവശരായ് നിന്നുപോയി
നെഞ്ചകം നീറിപ്പിടഞ്ഞു വീഴുന്നിതാ
മറ്റൊരു പൈങ്കിളി കൂട്ടിനുള്ളിൽ
കൊഞ്ചിക്കരയാതെ  ചിറകിട്ടടിക്കാതെ
മൗനം പിടയുന്നിതാ പൈങ്കിളി
മിഴികൾ നനഞ്ഞില്ല, തേങ്ങിയുമില്ലാ
മൗനം പുതയ്ക്കുന്നു പാവം കിളി 

No comments:

Post a Comment