Saturday, 19 March 2022

നിലാപ്പക്ഷി...1. തേടുന്നു ഞാൻ

                 തേടുന്നു ഞാൻ

സ്വാർത്ഥ ഭൂതങ്ങൾ പെരുകുമീ
ജീവിത വനാന്തരത്തിൽ
മിഴികുത്തിമുറിക്കും സാന്ദ്ര -
മന്ധകാരത്തിൽ
ഒരുതുടം നിലാവിനായമ്പിളി -
ച്ചില്ല്തേടുന്നു ഞാൻ 

വഴിമറന്നോരെൻ ചിന്തകൾക്ക് 
നേർവഴി കാട്ടിയും
വിയർക്കും ക്ഷോഭ താപങ്ങൾക്ക്
ചാമരമേകിയും
അപമാനിതമെൻ വികാരങ്ങളെ
മാറോടാണച്ചും
തുണപോരുവാനൊരു 
തെന്നൽ തേടുന്നു ഞാൻ

കിനാവിൻ  മഴക്കാടുകളിൽ
ഉയിരിടുമെൻ
മോഹ ശലഭങ്ങൾക്ക്  പാറുവാൻ
മധുനിറയും
വർണ്ണ സുഗന്ധിയാമൊരു പുതു
വനിക തേടുന്നു ഞാൻ

മീനസൂര്യൻ  ജ്വലിക്കുമീ
മണൽക്കാട്  താണ്ടണം
സന്ധ്യയിൽ കസവണിയും
കടലോരമെത്തണം
അതുവരെയും വാടാതെൻ
മലർ മാനസം പോറ്റുവാൻ
സ്നേഹ ശീതളമാമൊരു
തണൽക്കുട തേടുന്നു ഞാൻ

ഈയനന്താകാശ വീഥിയിലെങ്ങാനുമുണ്ടോ
എന്നാത്മ ദാഹമറിയുമൊരു
മുകിൽ മാനസം?

No comments:

Post a Comment