Tuesday, 26 June 2012

മാതൃനിനവിൽ


ജനനീ നിൻ നിനവെന്റെ 
ഊർജ്ജമാവുന്നു, നിത്യം 
നിന്നെയോർത്തു നമിച്ച്ല്ലോ 
ഞാനുണരുന്നൂ. 


ശൈശവത്തിന്നാർപ്പൊഴിഞ്ഞ 
ജീവിതത്തെരുവിൽ 
കപടലോക സ്പന്ദനങ്ങൾ 
തൊട്ടറിയുമ്പോൾ 


വ്യഥകൾ പാകിയ നടപ്പാതയിൽ 
കാൽ കുഴയുമ്പോൾ 
അമ്മയേകിയ വരങ്ങളെൻ 
രക്ഷയാകുന്നൂ 


മുലപ്പാലായ് നിന്റെ നന്മകൾ 
ഞാൻ നുണഞ്ഞപ്പോൾ 
മുൾ വഴികൾ നടന്നേറാൻ 
കരുത്തു നേടി 


മധുരമാം നിൻ താരാട്ടുകൾ 
കേട്ടുറങ്ങുമ്പോൾ 
കൊടിയ പീഡകൾ കരുതി നീങ്ങാൻ 
പ്രാപ്തിയും നേടി. 


സ്നിഗ്ധമാം നിൻ മൊഴിപഥത്തിൽ 
ചുവടു വയ്ക്കുമ്പോൾ 
ഇരുൾക്കാവുകൾ വകഞ്ഞൊതുക്കാൻ 
വെളിച്ചം നേടി 


ഹൃദയവാനിൽ കദനത്തിൻ 
കരിമേഘങ്ങൾ 
അന്ധകാരപ്പന്തൽ കെട്ടി 
മച്ചൊരുക്കുമ്പോൾ 


ആയിരം തിങ്കൾ വിളക്കായ് 
നീയുദിച്ചെത്തും 
മീനച്ചൂടിൽ പുതുമഴതൻ 
ലാളനം പോലെ 


സാന്ത്വനത്തിൻ നിലാവായ് നീ 
പെയ്തിറങ്ങീടും 
നിന്റെ പൈതലായ് പിറക്കാ- 
നായതെൻ പുണ്യം 


നിൻ മിഴിത്തണലിൽ വളർന്നതു- 
മെന്റെ സൗഭാഗ്യം 
ഇളം കാറ്റിൻ കുളിരുള്ള 
തലോടൽ പോലെ 


സുഖദമാ വാത്സല്യ തല്പ്പ- 
ത്തിൽ ശയിച്ചീടാൻ 
എന്നുമെന്നും നിന്റെ മാറിൽ 
ചേർന്നുറങ്ങീടാൻ 


കുരുന്നായ് മാറുവാനിന്നു 
കൊതിക്കുന്നു ഞാൻ 
എന്നും, നിൻ കുരുന്നു മാത്രമാവാൻ 
കൊതിക്കുന്നു ഞാൻ                     
 AGNIPARVVAM-2011

1 comment:

  1. മോഹങ്ങള്‍ ഏറെ എങ്കില്‍ ഒന്നിന്നും കഴിയുന്നില്ലല്ലോ എന്നോര്‍ത്തു ഖിന്നായി നില്‍പ്പു , കൊള്ളാം നല്ല കവിത

    ReplyDelete