Tuesday, 26 June 2012

കണ്ണാ പിറക്കുക വീണ്ടും



കണ്ണാ പിറക്കുക വീണ്ടും പുതിയൊരു 
ധർമ്മയുദ്ധം നയിക്കാനായ് 
കാളിന്ദിയിൽ കാളിയന്റെ പരമ്പര 
കൊടിയ വിഷം കലക്കുന്നു 

കാളിന്ദി വീണ്ടും തെളിനീരൊഴുക്കിടാൻ 
കാളിയനെ തുരത്തേണം 
ഉച്ഛിഷ്ട യാഗപ്പുരയിലെ നഞ്ചുണ്ട് 
രോഗങ്ങൾ പോറ്റുന്നു ഞങ്ങൾ 

പാല്ക്കുടം വറ്റുന്നൊഴിയുന്നുറികളും 
അന്നക്കലവും അടുപ്പിൽ 
ഉണ്ണിച്ചിരികൾ നിലയ്ക്കുന്നു കുടികളിൽ 
ഒഴിയുന്നു കാലിത്തൊഴുത്തും 

കുന്നു തുരന്നു വിഴുങ്ങുന്ന ദാനവൻ 
വീഴ്ത്തുന്നു മാമരക്കൂട്ടം 
നീരിന്നുറവകൾ വറ്റി വരളുന്നു 
കരിയുന്നു യദു വനച്ചോല 

ഉച്ചി പിളർക്കും വെയിലേറ്റു മാനവർ 
ചത്തുവീഴുന്നിതോ കഷ്ടം! 
കാച്ച്ത്തിളച്ചുയരുന്ന കടൽത്തിര 
ഭൂമി വിഴുങ്ങുന്നുവല്ലോ 

മഴയത്ത് ഗോവർദ്ധനം കുടയാക്കി നീ 
യാദവർക്കഭയമേകീലേ 
ഇന്നിതാ ദാഹിച്ചു വലയുമിവർക്കു നീ 
മഴമേഘക്കുട കൊണ്ടു പോരൂ 

സന്ധ്യാദീപങ്ങൾ കെടുന്നതിൻ മുമ്പു നീ 
സാന്ത്വനമായ് വന്നു ചേരൂ. 

1 comment:

  1. kollaaaaaaammmm. niceeeeeee. veeendum ceendu ezhuthuuuu teachereeee

    ReplyDelete