Monday, 3 December 2012

സീതാപർവ്വം


നെഞ്ചം പുകച്ചും അഗ്നിയെ പുല്കിയും 
നേരു തെളിയിച്ച സീത 
രാജനാം നാഥന്റെ മാനം ജയിക്കുവാൻ 
കാടിന്റെയിരുളേറ്റ സീത 

ധർമ്മം പുലരുന്ന നാടിന്റെ നേരിനായ് 
ജീവൻ കൊടുത്തവൾ സീത 
നേരിന്റെ നാരുകൾ കീറി വിചാരണ 
ചെയ്തതു കണ്ടവൾ സീത 
ത്രേതായുഗത്തിൻ വിഷപ്പുകയിൽ 
സ്വയം നീറിയൊടുങ്ങിയോൾ സീത 

കാലപ്രവാഹത്തിൽ കലിയുഗമെത്തുന്നു 
ത്യാഗത്തിൻ മൂർത്തിയാം സീത 
കാടിൻ കിടാങ്ങളും അരുവീയലകളും 
തുണവിട്ട കലികാല സീത 
ആത്മാവുരുക്കുന്ന പീഡാദുർഗ്ഗങ്ങളിൽ 
വീണ്ടും വലയുന്നു സീത 
ഭീതി വിതയ്ക്കുന്ന കലികാലക്കാഴ്ച്ചകൾ 
കണ്ടു ഭയക്കുന്നു സീത 
നാഥന്റെ മൗലി ഛേദിച്ചുകൊണ്ടലറുന്ന 
പ്രജകളെയറിയുന്നു സീത 

പൈതലിൻ താതൻ വിളങ്ങേണ്ടിടത്ത് 
ബലിക്കല്ലു നാട്ടുന്നു സീത 
പൈതലിൻ നാവിലനാഥത്വമാദ്യാക്ഷ- 
രമായ് കുറിക്കുന്നു സീത 
തന്മേനി നോക്കി വിലപേശും കൂട്ടരെ 
കണ്ടു പതറുന്നു സീത 
കൊത്തിവലിക്കാനടുക്കും കഴുകരെ 
കണ്ടു തളരുന്നു സീത 

കണ്ണേ മറക്കുക കാഴ്ച്ചകൾ! 
ഭൂവിലെ ജന്മമൊടുക്കട്ടെ സീത! 
അമ്മേ പിളരുക! നിൻ മടിത്തട്ടിലേ- 
യ്ക്കണയട്ടെ നിൻ മകൾ സീത!

NIZHALPPAADUKAL

3 comments:

  1. Valare ishtamaayi ee seethaayanam

    Aashamsakal

    ReplyDelete
  2. ഇവള്‍ സീത! അംഗനാ വ്യഥ ഭരിത പര്‍വ്വം
    ഹൃദയം തുറന്നിവള്‍ക്കിടമേകുകമ്മേ!

    ReplyDelete