നെടുവീർപ്പുകൾ
ഗൂഢ സ്മിതത്തിൻ മണികിലുക്കി
വന്മരച്ചാർത്തിൻ തപോവനങ്ങൾ
തേടി നീ തെന്നലേ മാഞ്ഞുപോകേ
പുൽ നാമ്പിലൂറുന്നു നെടുവീർപ്പുകൾ
നീഹാരക്കൈകളാലെൻ ജാലകം
മെല്ലെത്തുറന്നെന്നരികിലെത്തി
പുലരിക്കിനാവിൽ തനിച്ചിരുത്തി
പനിനീർ കുടഞ്ഞെന്നെ നീയുണർത്തി
പുലരിതൻ കളഗാന മധുമഴയിൽ
പൂർവ്വാമ്പരത്തിലെ ശയ്യ തന്നിൽ
ബാലസൂര്യൻ കൺ തുറന്ന നേരം
പൊന്നും തളികയിൽ കണിയൊരുങ്ങി
കതിരോൻ കുറുമ്പിൻ കരങ്ങൾ നീട്ടി
മിഴി മൂടുമാലസ്യ ശീലനീക്കി
ഏതോ കിനാവിൻ നിലാക്കായലിൽ
നിന്നു മടങ്ങിയെത്തുന്നു ഭൂമി
അരുമയാം ആദിത്യപ്പൈതലിന്റെ
പട്ടാഭിഷേകം കഴിഞ്ഞ നേരം
പൊന്നുഷസ്സിൻ നീർത്തടാകങ്ങളിൽ
ചെന്താമരപ്പൂ വസന്തമായി
മാന്തളിർ തിന്നു മദിച്ചു നീളേ
പാറുന്നു പൂങ്കുയിൽ പാട്ടുപാടി
മാന്തോപ്പിൽ വന്നു പതുങ്ങിനിൽക്കും
തെന്നലാ പാട്ടുകൾ ഏറ്റുപാടി
ഏഴു കുതിരകൾ ചേർന്നു പായും
ഏഴഴകുള്ള രഥത്തിലേറി
ഊരു ചുറ്റാനായിറങ്ങി സൂര്യൻ
ആകാശ വീഥിയിലൂടെ ചേലിൽ
പുലരിയിൽ അരുമയായ് പുഞ്ചിരിക്കും
പൈതൽ നട്ടുച്ചയിൽ യുവനായകൻ
തീയായ് ജ്വലിച്ചു മുന്നേറിടുന്നു
ദാഹിച്ചു ഭൂമി വലയുന്നുവോ
വിങ്ങിവിയർത്ത ഭൂമിക്കുമേലേ
തണലേകി നീങ്ങുന്ന വെൺ മേഘമേ
രാജ രാജന്റെ യീ തേരോട്ടത്തിൽ
നീയുമകമ്പടി പോകുന്നുവോ
സായാഹ്ന ചക്രവാളച്ചുവരിൽ
ഒടുവിലാ രഥ ചക്രമാണ്ടുപോകേ
രാജനിണം ഒഴുകിക്കലരും
ആഴിപ്പരപ്പെത്ര വർണ്ണോജ്ജ്വലം!
ഗതകാല വർണ്ണങ്ങളെങ്ങോ മറന്നുവ -
ച്ചാർദ്രമീ സിന്ദൂരമണിയുമ്പോഴും
ഈ നൊമ്പരക്കാഴ്ചയിൽ സാക്ഷിയാം
മേഘമേ നീയും കരയുന്നുവോ
പിരിയുന്നോരീ പകൽ പ്പക്ഷി തന്റെ
നെടുവീർപ്പുകൾ കടം കൊണ്ടതാമോ
മൂളിയെത്തുന്ന കടൽക്കാറ്റിലും
ഈറൻ നിറയുന്നതീ സന്ധ്യയിൽ
.രാവിൻ നിശ്ശബ്ദ യാമങ്ങൾ നീളെ
രാപ്പാടി വിരഹം പകർന്നു പാടി
നോവുകൾ നീറിപ്പടർന്ന രാവിൽ
തപ്ത നിശ്വാസങ്ങൾ ബാക്കിയായി .